Thursday, March 18, 2010

കോളജ് അലുംനികളുടെ പ്രസക്തി

       സംഘബോധത്തിന്റെ പുതിയ ശംഖൊലിയുമായി പ്രത്യക്ഷപ്പെട്ട കോളജ് അലുംനികള്‍ കേള്‍ക്കുന്നവര്‍ക്ക് വളരെ സങ്കുചിതമായി തോന്നിയേക്കാമെങ്കിലും ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ഗുണപരമായ ചലനങ്ങള്‍ വളരെ വലുതാണ്.
    മനുഷ്യനെ  ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പ്രാദേശികതയുടേയും അതിര്‍വരമ്പുകള്‍ തീര്‍ത്ത് വേര്‍തിരിച്ചുകൊണ്ടിരിക്കുന്ന സമകലീന ലോകത്ത് കലാലയങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത സൌഹൃദാന്തരീക്ഷം സമൂഹത്തിലേയ്ക്ക് വ്യാപിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.
      ജാതി പറയുന്നതും ചോദിക്കുന്നതും അപമാനമായി കരുതിയിരുന്ന അവസ്ഥയില്‍ നിന്നും അഭിമാനമായി കാണുന്ന ദുരന്തത്തിലേയ്ക്ക് കേരളം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജാതീയതക്കെതിരെ രൂപംകൊണ്ട പ്രസ്ഥാനങ്ങള്‍ ജാതീയമായി സംഘടിക്കുവാനാഹ്വാനം ചെയ്യുന്നു. ഒരു രണ്ടാം നവോത്ഥാനമുന്നേറ്റം അനിവാര്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കോളജ് അലുംനികള്‍ക്ക് വഹിക്കുവാനുള്ള പങ്ക് വളരെ നിര്‍ണ്ണായകമാണ്. 
        വിദ്യാഭ്യാസ പഠനകാലത്ത് തന്റെ തൊട്ടടുത്തിരിക്കുന്ന വ്യക്തി, അല്ലെങ്കില്‍ വിദ്യാലയങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന സുഹൃത്തുക്കള്‍ ഏതു മതത്തിലോ ജാതിയിലോ രാഷ്ട്രീയത്തിലോ വിശ്വസിക്കുന്നവനാ(ളാ)ണെന്ന് നാം അന്വേഷിക്കാറില്ല. ഈ ഒരവസ്ഥ നമ്മുടെ സമൂഹത്തില്‍ സ്ഥായിയായി നിലനില്‍ക്കണമെങ്കില്‍ കലാലയങ്ങളിലെ സൌഹൃദം കലാലയത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍‍ നിന്നും പുറത്തേക്ക് വ്യാപിപ്പിക്കേണ്ടതാണ്. അത്തരം ദൌത്യങ്ങളാണു കോളജ് അലുംനികള്‍ വഴി നിറവേറ്റിക്കൊണ്ടിരിക്കുന്നത്. അതു വഴി സമൂഹത്തില്‍ നാള്‍ക്കുനാള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമപരമായ വേര്‍തിരിവ് ഇല്ലാതാക്കുവാന്‍ ഇത്തരം കോളജ് അലുംനി പോലുള്ള കൂട്ടായ്മകള്‍ കൊണ്ട് സാധ്യമാകും.

No comments:

Post a Comment